എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ്. ഉമ്മയും ഉപ്പയും പെങ്ങളും അനിയന്മാരും അമ്മാവനും കുട്ടികളും. ഒരു ടാറ്റ സുമോ നിറയെ ആളുകള്‍. പ്രവാസ ജീവിതത്തിലെ ആദ്യത്തെ തിരിച്ചുവരവായതിനാല്‍ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോഴുള്ള കെട്ടിപ്പിടിക്കലും സ്നേഹാന്വേഷണങ്ങളും കുറച്ചധികമായിരുന്നു. അതിന്റെ ഹാങ്ങോവറില്‍ തരിച്ചു നില്‍ക്കുമ്പോഴാണ് ഒരുനൂറു ചോദ്യങ്ങളുമായി ബന്ധുക്കള്‍ പൊതിഞ്ഞത്. ഒരു മറുപടിക്കായി പരതുമ്പോഴേക്കും അടുത്ത ചോദ്യമെടുത്തിടുന്നു. ഒരുമാതിരി ചാനലിലെ അവതാരകരെ പോലെ. ഡ്രൈവര്‍ അത്യാവശ്യം സ്പീഡില്‍ തന്നെ വണ്ടിയോടിക്കുന്നുണ്ട്. എന്റെ കൂടെ വണ്ടിയിലുള്ളവരെല്ലാം ഇപ്പോഴും നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. കയ്യിലുള്ള സ്യൂട്ട്കെയിസ് തുറന്നു ചോക്ലൈറ്റിന്റെ ഒരു കവര്‍ പൊട്ടിച്ചു എല്ലാവര്‍ക്കും കൊടുത്തപ്പോള്‍ രംഗം ശാന്തമായി. ചോക്ലൈറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് താഴ്ന്ന ശബ്ദത്തില്‍ പിറുപിറുപ്പ് കേള്‍ക്കുന്നതൊഴികെ വേറെ പ്രശ്നമൊന്നുമില്ല. മനസ്സൊന്നു ഫ്രീ ആയപ്പോള്‍ വഴിയോരക്കാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു.
രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടിയിലിരിക്കുമ്പോള്‍ എന്നെ പുറകിലാക്കി പാഞ്ഞുപോയ വയലും തോടും തെങ്ങിന്‍തലപ്പും പച്ചപ്പുമെല്ലാം ഇപ്പോള്‍ രണ്ടും കയ്യും നീട്ടിയെന്നെ മാടിവിളിക്കുന്നത് പോലെ. ഏതോ സ്വര്‍ഗരാജ്യത്തിലെത്തിയെന്ന മട്ടില്‍ അങ്ങിനെ യിരിക്കുമ്പോഴാണ് അമ്മാവന്‍ ആദ്യത്തെ വെടിപൊട്ടിച്ചത്.
"നിനക്കെത്ര മാസാ ലീവ്?"
ഏഴാനാകശത്ത് നിന്നും പൊടുന്നനെ പിടുത്തം വിട്ടു മരുഭൂമിയിലേക്ക് നെഞ്ചടിച്ചുവീണ പോലെയായി ഞാന്‍. ഇപ്പോള്‍ വണ്ടിയുടെ ശബ്ദം മാത്രം. എല്ലാരും കാതും കണ്ണും കൂര്‍പ്പിച്ചു എന്റെ ഉത്തരത്തിനായി ഓങ്ങി നില്‍ക്കുന്നു.
"ഒന്നര മാസം!!!!".
വീട്ടില്‍ കയറി കുറച്ചു സമയങ്ങള്‍ക്കകം ഒരു പത്തുപതിനാറു പ്രാവശ്യമെങ്കിലും ഈ "ഒന്നര മാസം" എന്ന ഡയലോഗ് പുറത്തേക്കു ഛര്ദിക്കേണ്ടി വന്നു. ഈ വരവില്‍ തന്നെ ഒരു പെണ്ണ് കെട്ടണമെന്ന് മനസ്സില്‍ ഒരു ആശയുണ്ടായിരുന്നു. വയസ്സ് ഇരുപത്തഞ്ചു ആയി. എല്ലാവര്‍ക്കുമറിയാവുന്ന എന്റെ വയസ്സ് വീട്ടുകാര്‍ മാത്രം അറിഞ്ഞമട്ടില്ല. ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഗള്‍ഫില്‍ ഉള്ളപ്പോഴേ കല്യാണത്തിന് വേണ്ട പ്ലാനിംഗ് തുടങ്ങിയിരുന്നു. ഒരു കല്യാണം നടക്കാന്‍ ഒന്നരമാസം ലീവ് "ധാരാളം" എന്നാണ് ബ്രോക്കെര്‍ അന്ന് തന്നോട് ഫോണില്‍ പറഞ്ഞിരുന്നത്. ഞാനെത്തുമ്പോഴേക്കും ഒരു നല്ല പെണ്ണിനെ കണ്ടുവെക്കാന്‍ ബ്രോക്കെര്‍ക്ക് അഡ്വാന്‍സായി അഞ്ചൂറ് രൂപയാ അയാളുടെ മൊബൈലിലേക്ക് ഗള്‍ഫില്‍ നിന്നും റീചാര്‍ജു ചെയ്തു കൊടുത്തത്. അത് വെള്ളത്തിലാവുമോ പടച്ചോനേ എന്നാലോചിച്ചു വീടിന്റെ കോലായില്‍ കാറ്റും കൊണ്ടിരിക്കുകയായിരുന്നു.
അന്നേരം കേരള ജനതയെ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാന്‍ സൌജന്യമായി നല്‍കിയ 20 വാട്ട്സ് സി.എഫ്.എല്‍ ലാമ്പ് കത്തുന്ന പോലെ മുഖത്ത് ഒരു ചിരിയും ഫിറ്റ് ചയ്തു നമ്മുടെ ബ്രോക്കെര്‍ക്ക അങ്ങിനെ കയറി വരുന്നു. മനസ്സില്‍ ഒരു ഒന്നൊന്നര ലഡ്ഡു പൊട്ടി. ക്ഷണിച്ചിരുത്തി. മുറിയില്‍ കയറി പൊട്ടിക്കാതെ വെച്ചിരുന്നു രണ്ടു കിലോയുടെ ബദാം പേക്കറ്റ് നേരെ ബ്രോക്കെറുടെ കയ്യില്‍ കൊടുത്തു പറഞ്ഞു:
"ഇതിരിക്കട്ടെ.. മ്മളെ ഒരു സന്തോഷത്തിനു.."
ബ്രോക്കെറുടെ ചിരി ഒന്നൂടെ വലുതായി. ഇയാളുടെ മുഖത്തിന് ഇത്രയും വീതിയുണ്ടായിരുന്നോ എന്നു സംശയിച്ചു പോയി. ബ്രോക്കെറോട് ഒന്ന് കണ്ണിറുക്കി കാണിച്ചു. അയാള്‍ക്ക് സംഭവം കത്തി. ഒന്ന് തൊണ്ടയനക്കി ബ്രോക്കെര്‍ വീടിനുള്ളിലേക്ക് നോക്കി എന്റെ ഉപ്പയെ നീട്ടി വിളിച്ചു.
"ഞാന്‍ ഇത് വഴി പോയപ്പോ ഒന്ന് കയറിയതാ.. മ്മളെ ബാബുവിനു പറ്റിയ നല്ലൊരു കുട്ടി എന്റെ അറിവിലുണ്ട്. ഇപ്രാവശ്യം കല്യാണം നോക്കുന്നുണ്ടെങ്കില്‍ ആ വീട്ടുകാരുമായി ഒന്ന് സംസാരിക്കാമായിരുന്നു."
എലിമിനേഷന്‍ റൌണ്ടിലെത്തിയ മല്‍സരാര്‍ഥികളുടെ മുഖഭാവവുമായി ഞാനും ബ്രോക്കെറും ഒരുമിച്ചു ഉപ്പയുടെ മുഖത്തേക്കു നോക്കി.
"ആയ്ക്കോട്ടെ.. നിങ്ങള്‍ അവനെയും കൂട്ടി ഒന്ന് പോയി നോക്കിക്കൊളീ. മ്മക്ക് പറ്റിയതാണെങ്കില്‍ അങ്ങട്ട് ഉറപ്പിക്കാം..ന്തേയ്.."
ഒന്ന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. ഉപ്പാന്റെ കൂര്‍പ്പിച്ച നോട്ടത്തില്‍ നിന്നൊഴിഞ്ഞു ഞാന്‍ നഖം കടിച്ചു നിന്നു. ബ്രോക്കെറുടെ മുഖത്ത് എവറസ്റ്റ് കീഴടക്കിയ ഭാവം.
അന്ന് വൈകുന്നേരം തന്നെ പെണ്ണ് കാണാന്‍ പോവാമെന്നേറ്റു. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. വൈകിട്ട് കോളേജു വിട്ടു വന്നിട്ടേ കുട്ടിയെ കാണാന്‍ പറ്റൂ. കുളിച്ചു റെഡിയായി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന സ്പ്രേയും ഒക്കെ മണപ്പിച്ചു ഒരുങ്ങിത്തന്നെ പുറപ്പെട്ടു. കൂടെ ബ്രോക്കെറും. വീടെത്തി. വീട് കണ്ടിട്ട് അത്യാവശ്യം തറവാടിത്തമുള്ള കുടുംബമാണെന്നു തോന്നുന്നു. ആദ്യത്തെ പെണ്ണ് കാണലായതിനാല്‍ തന്നെ ചെറുതായി കാല്‍മുട്ടുകള്‍ വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. സകല ധൈര്യവും സംഭരിച്ചു വീട്ടിലേക്കു കയറി. കുട്ടിയുടെ രണ്ടു ആങ്ങളമാരും ഉപ്പയും ഞങ്ങളെയും കാത്തു വീടിന്റെ കോലായില്‍ തന്നെയുണ്ടായിരുന്നു. അകത്തേക്കിരുന്നു.
"സൌദിയില്‍ എവിടെയാ? എത്ര മാസം ലീവുണ്ട്?"
ദേ, കിടക്കുന്നു.. പിന്നെയും.. എനിക്ക് വയ്യ. ഈ ഗള്‍ഫുകാരോട് ഇവര്‍ക്ക് വേറൊന്നും ചോദിക്കാനില്ലേ..?
കുട്ടിയുടെ ബന്ധുക്കളുടെ ഇന്റര്‍വ്യൂവിനിടക്ക് വാതില്‍പടികള്‍പ്പുറത്തു നിന്നും ആരോ എത്തി നോക്കുന്നത് പോലെ തോന്നി. അവരുടെ ചോദ്യങ്ങളില്‍ ഒരു ഇടവേള കിട്ടിയപ്പോള്‍ ഞാനും അങ്ങോട്ടൊന്നു ഇടങ്കണ്ണിട്ടു നോക്കി. മിഡിയും ടോപ്പുമിട്ട ഒരു പെണ്‍കുട്ടി. മുഖം അങ്ങോട്ട് വ്യക്തമാകുന്നില്ല. അല്ലെങ്കിലും എന്തിനാ ഇങ്ങിനെ തിടുക്കം കൂട്ടുന്നത്?. ഇപ്പോള്‍ തന്നെ ശരിക്കും കാണാനുള്ളതല്ലേ. കുട്ടിയുടെ ഉപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു:
"മോളെ, ആ ചായയും പലഹാരങ്ങളും ഇങ്ങോട്ടെടുത്തേ.."
എന്റെ ഹൃദയമിടിപ്പിന് വേഗം കൂടി. കണ്ണിമവെട്ടാതെ ഞാനങ്ങോട്ടു തന്നെ നോക്കിയിരിക്കുകയാണ്.
പെട്ടെന്ന് കാലില്‍ ആരോ തോണ്ടുന്നത് പോലെതോന്നി.
"ഡാ, ചങ്ങായീ, എണീക്കെടാ... ഇതെന്തു ഉറക്കാ.. സമയം എട്ടു മണിയായി.. ഡ്യൂട്ടിക്ക് പോകണ്ടേ...?"
കുളിച്ചു തലതോര്‍ത്തി നില്‍ക്കുന്നു സഹപ് രവര്ത്തകനും സഹാമുറിയനുമായ അമീര്‍.
"ഡാ.. %#$*&&*&&^)^&(#@*, നിനക്ക് ഒരു രണ്ടു മിനിറ്റും കൂടി കഴിഞ്ഞിട്ട്വിളിച്ചൂടായിരുന്നോ പന്നീ...ആ കുട്ടിയുടെ മുഖമെങ്കിലും ഒന്ന് ശരിക്ക് കാണാമായിരുന്നു. നീ വല്ലാത്ത പണിയാടാ കാണിച്ചത് ചൂലേ.. നിന്നെയാരാടാ ഇപ്പം ഇങ്ങട്ട് കെട്ടിയെടുത്തത്?"
ഞാന്‍ അലറുകയായിരുന്നു. അമീറിനെ പച്ചക്ക് കൊന്നു തിന്നാനുള്ള ദേഷ്യമുണ്ട് എന്റെയുള്ളില്‍. അവനാണെങ്കിലോ ഒന്നും മനസ്സിലാവാതെ എന്റെ ഉറക്കച്ചടവുള്ള കണ്ണിലേക്കു തുറിച്ചുനോക്കി നില്‍ക്കുകയാണ്.
"എന്താടാ, എന്തുപറ്റി?, നീ കാര്യം പറ."
ഞാന്‍ ഒരുവിധം കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു.
"നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്നും പറയുന്നതാ ഉറങ്ങാന്‍ കിടക്കുമ്പോ വല്ല ദിക്ക്റോ സ്വലാത്തോ (ദൈവ വചനങ്ങള്‍) ചൊല്ലിക്കിടക്കാന്... അതങ്ങനെയാ കണ്ട പെണ്‍കുട്ടികളെയെല്ലാം ഓര്‍ത്തു കിടന്നാല്‍ ഇങ്ങനെയുണ്ടാവും. നിനക്കിങ്ങനെ തന്നെ വേണം."
എന്റെ നാവ് ഇറങ്ങിപ്പോയി. കണ്ടത് വെറും സ്വപ്നമായിരുന്നുവെന്നു ഇനിയുമെനിക്ക് വിശ്വാസമാകുന്നില്ല. എന്നാലും.. ശേ.. ഒരു മിനിറ്റു കൂടിയെങ്കിലും കിട്ടിയിരുന്നെങ്കില്‍.. ആ.. എന്ത്കുന്തമെങ്കിലുമാവട്ടെ... ഇ ന്നും ഓഫീസില്‍ നേരം വൈകിയെത്തിയാല്‍ ബോസ്സ് നാളെ മുതല്‍ വരണ്ടാ എന്ന് പറയും. പണ്ടാരം പിടിച്ച ഈ ഗള്‍ഫ് കണ്ടുപിടിച്ചവനെ മനസ്സില്‍ നാല് തെറി പറഞ്ഞു ബ്രഷും തോര്‍ത്ത് മുണ്ടുമെടുത്തു ഞാന്‍ ബാത്ത് റൂമിലേക്ക് നടന്നു.
"എന്നാലും.. അതാരായിരിക്കും..?!!!!"© മോന്‍സ്
നന്നായെഴുതി. ആശംസകള്‍........!!
ReplyDeleteഎന്നാലും.. അതാരായിരിക്കും..?
ReplyDeletegood one... nice dream...
ReplyDeleteSADIJAAN CHE KANANAMAERUNNU
ReplyDeletenjan anno
ReplyDeleteഅതാരാണെന്നു അവിവാഹിതരായ എല്ലാ പ്രവാസികള്‍ക്കും അറിയാം..
ReplyDeleteരൂപത്തില്‍ മാത്രം അല്പം വ്യത്യാസം കാണും..
സൂപ്പറായിട്ടെഴുതി, ഞാനും കരുതി ശരിക്കും പെണ്ണുകാണല്‍ തന്നെയാണെന്ന്! ബൈ ദ ബൈ...കല്യാണം നടന്നോ?
ReplyDeleteKalakki mone...Ettavum koodudhal swapnangal kanunna jeevi anu pravasi. Adhoru vargam anu!! Ee adhivasikal ennokke parayille..adhupole..
ReplyDeleteസുഹൃത്തേ നന്ദി, വളരെ നന്നായിട്ടുണ്ട്.........
ReplyDeleteNice story
ReplyDelete