█▓▒░ Most popular blog site in Malayalam░▒▓██▓▒░ ഖുബ്ബൂസ് അറ്റ് വെബ്ബൂസ് : സിറാജ് ☼ ഗള്‍ഫ് മലയാളി ബ്ലോഗര്‍മാരുടെ ഖുബ്ബൂസ് :മനോരമ ഓണ്‍ലൈന്‍ ☼ പ്രവാസത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി 'ഖുബ്ബൂസ്' : മാധ്യമം ☼ ഖുബ്ബൂസില്‍ എല്ലാം ഉണ്ട്: ഗള്‍ഫ് മനോരമ ☼ പ്രവാസജീവിതത്തിന്റെ നേരടരുകളുമായി ഖുബ്ബൂസ് : മാതൃഭൂമി¸☼ ജനപ്രിയതയുടെ സെഞ്ച്വറി പിന്നിട്ട് ഖുബ്ബൂസ് ഡോട്ട് കോം : മിഡില്‍ ഈസ്റ്റ് ചന്ദ്രിക ☼ പ്രവാസികളുടെ നൊമ്പരങ്ങളുമായി ഖുബ്ബൂസ് ഡോട്ട് കോം: തേജസ് █

ബാച്ചിലര്‍ റൂമിലെ രുചിവൈഭവങ്ങള്‍...



"എന്നും ഈ പത്തിരി തന്നെയാണോ?" എന്നു പറഞ്ഞ് പ്രാതല്‍ കഴിക്കാതെ ഇറങ്ങിപ്പോകുമ്പോഴും മുരിങ്ങയിലത്തോരനില്‍ കുരുങ്ങിയ മുടിയിഴ ഉയര്‍ത്തിക്കാട്ടി അമ്മയോട് ദേഷ്യപ്പെടുമ്പോഴും ചോറിനു വേവ് കൂടിയെന്ന് പറഞ്ഞ് പ്ലേറ്റില്‍ പാതികുഴച്ച് വെച്ച് എണീറ്റ് കൈ കഴുകുമ്പോഴും പലരും ഓര്‍ത്ത്
കാണില്ല, ഇതിനൊക്കെ കൊതിക്കുന്ന ഒരു ദിനമുണ്ടാകുമെന്ന്.
ശരിയാണു, ഇത്തരം ഓര്‍മ്മകള്‍ പലതും വേട്ടയാടുക നാടുവിടുമ്പോഴാണു. മസാലക്കൂട്ടുകള്‍ അസന്തുലിതാവസ്ഥയില്‍ കലങ്ങിക്കിടക്കുന്ന കറിയില്‍ മുക്കി റൊട്ടിയെ അകത്തേക്കാവാഹിക്കുമ്പോള്‍
ഓര്‍മ്മകള്‍ പലപ്പോഴും കണ്‍കോണുകള്‍ നനയിക്കും.


വീട്ടിലെ അടുക്കളപോലും കാണാത്തവരില്‍ പലരും ഫ്ലാറ്റിലെ ഒന്നാം നമ്പര്‍ പാചകക്കാരായി. ടെലിവിഷനിലെ കുക്കറി ഷോകളും വാരികയിലെ പാചകക്കുറിപ്പുകളും അവരുടെ അറിവിനു കരുത്തേകി.


ഒരു വിഭാഗം പ്രവാസികള്‍ ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുമ്പോള്‍ ഭൂരിഭാഗം വരുന്ന പ്രവാസികളും സ്വന്തമായി പാചകം ചെയ്ത് വയര്‍ നിറക്കുന്നവരാണു. ചിലരാകട്ടെ പാചകക്കാരനെ നിയമിച്ചു, ഹോട്ടലിലെ പിടിപ്പത് ജോലികഴിഞ്ഞ് ഫ്ലാറ്റുകളില്‍ ഭക്ഷണം ചെയ്യാന്‍ പോകുന്ന പ്രാരാബ്ദമേറിയവര്‍ അത്തരക്കാര്‍ക്ക് ആശ്വാസമായി മാറി.
ബാച്ചിലര്‍ റൂമുകളില്‍ മെസ്സ് ആഴ്ച്ചയിലെ ഓരോ ദിനവും ഓരോരുത്തര്‍ക്കായി വീതം വെച്ചിരിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള രുചിവൈഭവങ്ങള്‍ നിലത്ത് വിരിച്ച പേപ്പറില്‍ മാറി മാറി നിറഞ്ഞു. എന്തു കറിയുണ്ടാക്കുമ്പോഴും കടുകിട്ട് പൊട്ടിക്കുന്നവരും, ഉലുവചേര്‍ക്കാതെ എന്തുകറിയെന്ന്
ആക്ഷേപിക്കുന്നവരും ബിരിയാണി എന്നാല്‍ നമ്മടെ ബിരിയാണി തന്നെ എന്ന് പുകഴ്ത്തിയവരുമെല്ലാം അതില്‍ പങ്കാളികളായി.


മീന്‍ കഴിക്കാത്ത പലരും മീന്‍ കഴിച്ച് തുടങ്ങിയതും ഗള്‍ഫില്‍ വെച്ചാണു. മാര്‍ക്കറ്റില്‍ കേരളീയരുടെ പ്രധാന ഇനങ്ങളായ മത്തിയും അയലയും വാങ്ങാന്‍ വലിയ നിരതന്നെ കാണാം. ചിലസ്ഥലങ്ങളില്‍ വൃത്തിയാക്കിയ മത്സ്യം റൂമുകളില്‍ എത്തിച്ച് കൊടുക്കുന്നവരും സജീവമാണു. നാട്ടിലാണെങ്കില്‍ ഐസിട്ട മീന്‍ വാങ്ങാതെ തിരിച്ചു വരുന്നവര്‍ ഇവിടെ വ്യാഴാഴ്ച്ചകളില്‍ മാര്‍ക്കറ്റിലെത്തി ഒരു ആഴ്ച്ചയ്ക്കുള്ളത് വാങ്ങി ഫ്രീസറില്‍ സൂക്ഷിക്കും. അതെ പ്രവാസം ശീലങ്ങള്‍ മാറ്റുന്ന സമയം കൂടിയാണു.


പലപ്പോഴും സാമ്പാര്‍ പൊടിയില്‍ കിടന്നു തിളച്ച് ചിക്കന്‍ പീസുകള്‍ വെന്തുമറിഞ്ഞു. ഇറച്ചിമസാലയില്‍ സാമ്പാര്‍ കഷ്ണങ്ങളും നീന്തിത്തുടിച്ചു.
അടുക്കളകള്‍ പലപ്പോഴും പരീക്ഷണശാലകളായി. പലപരീക്ഷണങ്ങളും വന്‍ വിജയങ്ങളായി, സ്ഥിരം അംഗങ്ങളല്ലാതെ വിരുന്നെത്തുവര്‍ പരീക്ഷണങ്ങള്‍ക്കിരകളായി. പരീക്ഷണങ്ങള്‍ പലതുമരങ്ങേറുക വ്യാഴാഴ്ച്ച രാത്രികളിലും വെള്ളിയാഴ്ച്ചകളിലായിരിക്കും. അന്നാണല്ലോ അലാറത്തിന്റെ നിലവിളി കേള്‍ക്കാതെ പതിവില്‍ നിന്നും ഇത്തിരി വൈകി എഴുന്നേല്‍ക്കുന്നതും ആകെയുള്ള അവധിയും.


പൊതുവേ പ്രാതല്‍ ലഘു ഭക്ഷണത്തിലൊതുക്കുന്നവര്‍ വെള്ളിയാഴ്ച്ച പ്രാതലൊരുക്കും. എന്തും ഇന്‍സ്റ്റന്റ് ആയി കിട്ടുന്ന ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു പുട്ടുപൊടിയും അപ്പം റെഡിമിക്സും ദോശമാവും സംഘടിപ്പിച്ച് ഗൃഹാതുരതയോടെ പ്രാതലൊരുക്കുന്നവര്‍.. ചില മെസ്സുകള്‍ക്ക് വെള്ളിയാഴ്ച്ച അവധിയായിരിക്കും. അവര്‍ ഹോട്ടലിനെ ശരണം പ്രാപിക്കും. ജുമുഅ നേരത്ത് നിശ്ച്ചലമായ നിരത്തിലേക്ക് വാഹനങ്ങള്‍ അരിച്ചിറങ്ങി തിരക്കിന്റെ റെഡ് സിഗനലുകള്‍ മറികടക്കുമ്പോള്‍ ഹോട്ടലുകളും സജീവമാകും. ഊണ്‍ മേശകളില്‍ ആളുകള്‍ നിറയും മുഖ്യ ഇനം ബിരിയാണി തന്നെ. പലരും പാഴ്സല്‍ പൊതികള്‍ തൂക്കി റൂമിലേക്ക് നടന്നു നീങ്ങുമ്പോഴും പലരും ഊഴം കാത്ത് ഹോട്ടലിനരികില്‍ കാത്ത് നില്പുണ്ടാകും


സോസേജും കീമയും ഫില്ലറ്റ്സും ട്യൂണയും മറ്റ് ഇന്‍സ്റ്റന്റ് ടിന്‍ ഫുഡ്സുമെല്ലാം പാചകം എളുപ്പമാക്കി. ഒപ്പം രോഗസാധ്യതയും. ആഴ്ച്ചകളോളം ഫ്രീസറിനകത്തിരുന്ന് തണുത്ത് മരവിച്ച് കല്ലുപോലെയായ, കോഴിയെ വെള്ളത്തിലിട്ടുവെച്ച് അല്പസമയത്തിനു ശേഷം തൊലിയുരിക്കുമ്പോള്‍ അളിയന്‍ വിരുന്നുവന്ന ദിവസങ്ങളില്‍ ഇറച്ചിവാങ്ങാനായ് രാവിലെ സൈക്കിളുമെടുത്ത് പാഞ്ഞ നാളുകള്‍ ഓര്‍മ്മവരും.. കോഴിക്കടയ്ക്ക് മുന്നില്‍ കറിക്ക് വെട്ടിക്കോ എന്ന് പറഞ്ഞ് കയ്യുംകെട്ടിനിന്ന നാളുകള്‍... ഐസ് വെള്ളമായി മാറിയാല്‍ കോഴിയുടെ തൊലിയുരിയല്‍ എളുപ്പമാകും.. ചെറിയ കുഞ്ഞിന്റെ കൈകള്‍ പിടിച്ചുയര്‍ത്തി വസ്ത്രം അഴിച്ചെടുക്കുന്നത് പോലെ തോല്‍ പുറത്തേക്കെടുക്കും.. ഒപ്പം ഓര്‍മ്മകളും പുറത്തേക്ക്.


കീമയും മാംസപിണ്ഡം പോലെയുള്ള സോസേജും പുതുപ്രവാസികളില്‍ പലര്‍ക്കും ആദ്യം ഭക്ഷിക്കാന്‍ മടിതോന്നുക സ്വാഭാവികമാണു. പിന്നെ ശീലങ്ങളോരോന്നായി മാറിവരുമ്പോള്‍ ഇതും മാറും പതിയെ പതിയെ. പ്രധാന ആകര്‍ഷണം തയ്യാറാക്കാനുള്ള എളുപ്പം തന്നെ.
കറിയൊരുക്കാന്‍ സമയം കിട്ടാതെ വന്നാല്‍ നേരെ ഗ്രോസറിയിലേക്കോടും. തിരിച്ചുവരുമ്പോള്‍ കയ്യിലൊരു തൈരിന്റെ പാക്കറ്റ് കാണും. അതുമതി വിശപ്പടക്കാന്‍. ചിലപ്പോള്‍ കട്ടിലിനടിയില്‍ നാട്ടില്‍ നിന്നും കൊടുത്തയച്ച അച്ചാറും കാണും. അതും കൂട്ടിയൊരു ഊണ്‍. പതിനാറുകൂട്ടം കറി ചേര്‍ത്ത് കഴിച്ച സദ്യയുടെ രുചിയായിരിക്കും അതിന്
മാംസപ്രേമികള്‍ക്ക് ഹരം പകരുന്നതാണു ഗള്‍ഫിലെ ഭക്ഷണശീലങ്ങള്‍. ഇന്ത്യന്‍ മാംസത്തിനു ആവശ്യ്ക്കാരേറെയാണു. അതുമുതലാക്കാന്‍ ഇന്ത്യന്‍ മാംസങ്ങള്‍ ഇറക്കുമതി വില്പനക്കെത്തിക്കാനും വ്യാപാരികള്‍ക്കിടയില്‍ മത്സരമാണു. അല്ലെങ്കിലും മറ്റു രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത മാംസങ്ങള്‍ക്കില്ലാത്ത രുചിയാണു ഇന്ത്യന്‍ മാംസത്തിനു. കാറ്ഡ് ബോറ്ഡും പേപ്പറും ഭക്ഷിച്ച് വിദേശ ഇനങ്ങളേക്കാള്‍ നല്ലതല്ലേ നാട്ടിലെ തളിരിലകള്‍ തിന്നു വളര്‍ന്ന ഇന്ത്യന്‍ ആടുമാടുകള്‍. പക്ഷേ ഏത് ഇന്ത്യനായാലും നാട്ടില്‍ നിന്നും കഴിക്കുന്ന മാംസത്തിന്റെ രുചിയോളം വരില്ല എന്നുള്ളത് സത്യം. കേരളത്തിലെ ആടുമാടുകള്‍ക്ക് കഴിക്കാന്‍ കുറുന്തോട്ടിയും മറ്റ് ആരോഗ്യദായകങ്ങളായ വൃക്ഷലതാദികളും അവയുടെ നാവിന്‍ തുമ്പത്ത് നിന്നും അപ്രത്യക്ഷമാകുന്നിടത്തോളം കാലം.
വീട്ടിലായിരിക്കുമ്പോള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചത് എടുത്ത് ചൂടാക്കി വിളമ്പിയ ഭാര്യയോട് ദേഷ്യമാണു തോന്നിയതെങ്കില്‍ പ്രവാസജീവിതത്തില്‍ പാത്രം നിറയെ കറിവെച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദിവസവുമെടുത്ത് ചൂടാക്കിക്കഴിക്കുന്നത് ഒരാശ്വസമായി മാറിയവരുണ്ട്.


ഉച്ചയ്ക്കുള്ള ഭക്ഷണമൊരുങ്ങുന്നത് രാവിലെയായിരിക്കും. രാവിലെ പ്രഭാതകൃത്യങ്ങള്‍ക്കൊരുങ്ങുമ്പോള്‍ ചെറുവിരലോളം നീളമുള്ള ഇന്തോനേഷ്യന്‍ അരിയും വേവാനിടും. കുളികഴിഞ്ഞ് വരുമ്പോഴേക്കും വെന്തിരിക്കും.
നാട്ടിലെ വീട്ടമ്മമ്മാരാണെങ്കില്‍ സീരിയല്‍ സമയം നോക്കിയാണു അരിയുടെ വേവ് മനസ്സിലാക്കുക. പാരിജാതം വിരിയുന്നതിനു മുന്‍പ് അരി അടുപ്പത്തിടും പരസ്യങ്ങളുടെ ഇടവേളകളില്‍ ചെന്നൊന്ന് എത്തിനോക്കും. അവസാനം തുടരുമെന്ന അറിയിപ്പോടെ അടുത്തപരിപാടിയിലേക്ക് കടക്കുമ്പോള്‍ ചോറ് റെഡിയായിട്ടുണ്ടാകുമെത്രെ.


വെള്ളമൂറ്റിക്കളയാനായി പാത്രത്തിന്റെ മൂടിയില്‍ ക്ലിപ്പിട്ട് വാഷ്ബേസനിലേക്ക് ക്ക്ചെരിച്ച് വെയ്ക്കുമ്പോള്‍ ഒരു നിമിഷം മനസ്സ് നാട്ടിലേക്കോടും. അടുക്കളയില്‍ പലകയിട്ടിരുന്ന് മുളന്തട്ടില്‍ തീര്‍ത്ത കൊട്ടക്കയില്‍ ചെമ്പില്‍ മുക്കിയുയര്‍ത്തി ചോറൂറ്റുന്ന അമ്മയുടെ മുഖമാകും മനസ്സില്‍. ഓര്‍മ്മകള്‍ക്ക് വിടനല്‍കി വസ്ത്രം മാറി വരുമ്പോഴേക്കും വെള്ളമെല്ലാം ഊര്‍ന്ന് പോയിട്ടുണ്ടാകും. ഇനി ജോലികഴിഞ്ഞു വന്നു വേണം കഴിക്കാന്‍, ഫ്രിഡ്ജില്‍ ഇന്നലത്തെ കറിയിരുപ്പുണ്ട്, കൂടെ ഓര്‍മ്മകള്‍ക്ക് എരിവുപകരാന്‍ നാട്ടില്‍ കൊണ്ടുവന്ന ചമ്മന്തിപ്പൊടിയും..
അല്ലെങ്കിലും പ്രവാസി സ്വന്തം രുചികള്‍ക്കും വിഷപ്പിനുമല്ലല്ലോ വിലകല്പിക്കുന്നത്, തന്നെ സ്നേഹിക്കുന്നവര്‍ക്കും താന്‍ സ്നേഹിക്കുന്നവര്‍ക്കും രുചിപകരാനും അവരുടെ വിഷപ്പകറ്റാനുമാണല്ലോ ഗ്യാസ് തീനാളകള്‍ക്ക് മുന്നിലും എരിയുന്ന കനലുകള്‍ക്ക് മുന്നിലും നിശ്ച്ചലമായിട്ടും ചലിച്ച് കൊണ്ടിരിക്കുന്ന "നരകക്കോഴികളെ' പോലെ തിരിഞ്ഞും മറിഞ്ഞും കാലം കഴിക്കുന്നത്.

3 comments:

Last minute deals from Abu Dhabi and Dubai. Book Now. 1000 ദിനങ്ങള്‍.... 1000,000 സന്ദര്‍ഷകര്‍.. www.ഖുബ്ബൂസ്.com മലയാളത്തിലെ ഏറ്റവും പ്രചാരമുള്ള ബ്ലോഗ്!!
All the logos and stuff are the property of their respective owners (Including our editorial board). Many images found on this site have been collected from various sources across the web and are believed to be in the "public domain". If you are the rightful owner of any Content/image posted here, and object to them being displayed,please Contact Us to kuboosblog@gmail.com. it will be removed promptly.