.
"ഇത് നിനക്കിഷ്ടപ്പെട്ട ചെമ്മീന്‍ റോസ്ട്ടാ.. ഇത് വാഴക്കൂമ്പ് ഉപ്പേരിയും.. എടുത്ത് കഴിക്ക് മോനെ..." ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ദിവസത്തെ ഉച്ചയൂണ്‍ തീന്മേശയാണ് രംഗം.. സംഭാഷണം അമ്മയുടെതും.. അച്ഛന്‍ നിശബ്ദതയിലാണ്, എങ്കിലും ഇടക്കൊരു മീന്‍ പൊരിച്ചത് അനുവാദം ചോദിക്കാതെ പാത്രതിലെക്കിട്ടു തന്നു..
ഊണ് കഴിച്ചു മുറിയില്‍ വന്നിരുന്നപ്പോള്‍ മനസ്സ് അറിയാതെ വര്‍ഷങ്ങള്‍ക്കു പിന്നോട്ട് പോയി.. "ഇന്നും മത്തിയാണോ" എന്ന്‍ ചോദിച്ചൊരു ഉച്ചയൂണ്‍ സമയത്ത് "വേണെങ്കില്‍ തിന്നാല്‍ മതി" എന്നായിരുന്നു മറുപടി.. പ്ലസ് ടു കഴിഞ്ഞു, കോളേജ് പഠനവും അല്പം ചില്ലറ കുരുത്തക്കേടുകള്‍ കയ്യിലുണ്ടായിരുന്ന കാലം.. സെക്കന്റ് ഷോ കഴിഞ്ഞു വരുമ്പോള്‍ പലപ്പോഴും വീട്ടുകാര്‍ ഉറങ്ങിയിട്ടുണ്ടാകും. വാതില്‍ തുറന്നു തരുമ്പോള്‍ അമ്മയുടെ വക ശകരമുണ്ടാകും. തണുത്ത ചോറും പുളിക്കാന്‍ തുടങ്ങിയ കറിയും കൂട്ടി വിശപ്പ് ശമിപ്പിച്ചിരുന്ന കാലം.. ഇന്ന്‍ ഞാന്‍ ഗള്‍ഫുകാരനായി, അങ്ങാടിയില്‍ കൂട്ടുകാര്‍ക്കൊപ്പം കഥകള്‍ പറഞ്ഞു ഇരുന്ന്‍ വീട്ടിലെത്താന്‍ സമയം വൈകി.. ഉമ്മറത്ത് അമ്മ കാത്തിരിപ്പുണ്ടായിരുന്നു.. ആവി പറക്കുന്ന അത്താഴം കഴിച്ച രാത്രി... "നീ വരാന്‍ നേരം വൈകിയ കാരണമാ, അല്ലെങ്കില്‍ നിന്നോട് ചോദിച്ചു ചപ്പാത്തിയോ മറ്റോ ഉണ്ടാക്കാമെന്നു കരുതിയതാ" വിളമ്പി തരുന്നതിനിടയില്‍ അമ്മ പറഞ്ഞു..
ഗള്‍ഫില്‍ പോകുന്നതിനു മുമ്പ് ബൈക്ക് ചോദിക്കുമ്പോള്‍ "എനിക്ക് അവിടെ പോകാനുണ്ട്, ഇവിടെ പോകാനുണ്ട് " എന്നൊക്കെ പറഞ്ഞിരുന്ന അളിയന്‍ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞത് കേട്ട് ഞാന്‍ തന്നെ അതിശയിച്ചു പോയി.. "ഡാ ബൈക്ക് ഞാന്‍ കൊണ്ട് പോകുന്നില്ല, നിനക്കെവിടെ യെങ്കിലുമൊക്കെ പോകാന്‍ കാണില്ലേ..." . ആ ബൈക്കുമായി പമ്പില്‍ ചെന്ന് ഫുള്‍ ടാങ്ക് അടിക്കുമ്പോള്‍ , ഇരുപത് രൂപക്ക് പെട്രോള്‍ അടിക്കാന്‍ പമ്പുകാരനുമായി തല്ലുകൂടിയ നാളുകള്‍ ഓര്‍ത്തു പോയി.. പലപ്പോഴും പമ്പിന്റെ അകലെ വെച്ച് പെട്രോള്‍ തീരും.. അപ്പോള്‍ ആദ്യം ടാങ്കിന്റെ മൂടി തുറന്നൊന്നു ഊതും.. ആ ഊത്തില്‍ വണ്ടി അല്പം കൂടി ഓടും. പിന്നെ ഇറങ്ങി ഉന്തല്‍ തന്നെ രക്ഷ..
ബന്ധുക്കളുടെ വീട്ടില്‍ ചെന്നപ്പോള്‍ എന്തായിരുന്നു സ്വീകരണം. ഗല്‍ഫുകാരനാകുന്നതിന്റെ മുമ്പ് കട്ടന്‍ ചായയും ബിസ്കട്ടുമായിരുന്നു, ഇപ്പോള്‍ അത് ഹോര്‍ലിക്സും കേക്കും മുട്ട പുഴുങ്ങിയതുമൊക്കെ ആയി മാറി. വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ അവര്‍ വെമ്പല്‍ കൊണ്ടു. കെട്ടിക്കാന്‍ പ്രായമായ മകളെ കുറിച്ചും പൂര്‍ത്തിയാകാത്ത വീടുപണിയെ കുറിച്ചുമൊക്കെ അവര്‍ വിവരിക്കുമ്പോള്‍, സഹായിക്കണമെന്ന നിശബ്ദമായ അപേക്ഷ അതില്‍ ഒളിഞ്ഞു നിന്നിരുന്നു.
ആദ്യമൊക്കെ മീന്‍ മാര്‍കറ്റില്‍ ചെന്നാല്‍ മീന്‍ കാരന്‍ മൈന്റ് ചെയ്യുകയെയില്ല, അങ്ങോട്ട പറയണം, അരക്കിലോ മത്തി, അരക്കിലോ അയല, കാല്കിലോ ചെമ്മീന്‍.. ഇപ്പോള്‍ അതുവഴി പോകേണ്ട താമസം.."നല്ല ചെമ്മീന്‍ ഉണ്ട്- ഒരുകിലോ എടുക്കട്ടെ. അല്ലെങ്കില്‍ അയക്കുറയോ ആവോലിയോ എടുക്കാം.." അതിനു ശേഷം പിന്നെ ആ വഴിക്ക് പോയിട്ടേയില്ല.
അങ്ങാടിയില്‍ വെച്ച് കാരണവന്മാര്‍ ബഹുമാന പൂര്‍വ്വം ചോദിച്ചു " നീയെന്നാടാ വന്നെ.. സുഖല്ലേ..എത്രണ്ട് ലീവ്...? "
ചില എക്സ് ഗള്‍ഫുകാര്‍ "കൈഫല്‍ ഹാല്‍" "ജീ കൈസാഹെ..." എന്നൊക്കെ പറഞ്ഞു അഭിവാദ്യമര്‍പ്പിച്ചു.. അവരില്‍ പലരും ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരായി മാറിയിരിക്കുന്നു.. ഡാ കാശു വല്ലതുമുണ്ടെങ്കില്‍ നമുക്കൊരു കഷ്ണം വാങ്ങാട്ടോ.. ഇപ്പോള്‍ അനുദിനം കൂടുന്നത് മണ്ണിന്റെ വിലയാ.. നീ ഇപ്പൊ പത്തു സെന്‍റ് വാങ്ങുന്ന കാശ് കൊണ്ടു അടുത്ത തവണ വന്നാല്‍ അഞ്ചു സെന്‍റ് വാങ്ങിക്കാനെ പറ്റൂ.. ഉപദേശം! അവര്‍ക്കറിയില്ലല്ലോ, ബഹുഭൂരിപക്ഷം വരുന്ന ഗള്‍ഫുകാരനെ പോലും ഞാനും ടികറ്റ് ക്രെഡിറ്റ് കാര്‍ഡിലോ സഹാമുരിയന്മാരില്‍ കടം വാങ്ങിയിട്ടോ വന്നതാണെന്ന്..
നാട്ടില്‍ കൂലിപ്പണിക്ക് പോകുന്ന ചെക്കന്മാരുടെ കയ്യിലും ത്രീജീ സൌകര്യമുള്ള മൊബൈലുകള്‍ കണ്ടപ്പോള്‍ തോന്നി, വരാന്‍ നേരത്ത് നല്ലൊരു ഫോണ്‍ വാങ്ങിയത് നന്നായെന്ന്‍, അല്ലെങ്കില്‍ മാനം പോയേനെ..:) അങ്ങാടിയില്‍ സൊറ പറഞ്ഞിരിക്കുംപോഴാണ് വീട്ടില്‍ നിന്നും വിളി വന്നത്.. "നിന്നെ ഇതാ ആരോ കാണാന്‍ വന്നിരിക്കുന്നു.. വേഗം വാ.." ദൈവമേ, എന്നെ കാണാനോ,ആരാണാ അപരിചിതന്‍?
പോയി നോക്കുമ്പോള്‍ എല്‍ ഐ സി ഏജന്റാണ്.. അക്കന്ന ഒരു ബന്ധുവിന്റെ ഫ്രണ്ടാണ് കക്ഷി.. അങ്ങനെ ഒഴിവാക്കാനും വയ്യ.. ഗുണഗണങ്ങള്‍ വിവരിച് പുള്ളിക്കാരന്‍ തകര്‍ക്കുകയാണ്.. ഇതിനിടയില്‍ അമ്മ ടാങ്കുമായി വന്നു.. അത് ഒന്ന് തളര്‍ന്നിരുന്ന അദ്ദേഹത്തിന് ഊര്‍ജ്ജം നല്‍കി. അവസാനം ഏറ്റവും കുറഞ്ഞ അടവുല്ലൊരു പ്രീമിയം സെലക്ട് ചെയ്ത്, പാസ്പോര്‍ട്ട് കോപ്പിയും ഫോട്ടോയും വാങ്ങിയാണ് പുള്ളി പോയത്.. ശേഷം അമ്മയെ ശട്ടം കെട്ടി "ഇനി ഇത് പോലെ ആരെങ്കിലും വന്നാല്‍, ഞാനിവിടെ ഇല്ല, എന്റെ നമ്പര്‍ അറിയില്ല, ഓക്കെ, മനസ്സിലായല്ലോ.."
പിന്നീട് പല ഇന്ഷുറന്സ് , മണിചെയിന്‍, ഷെയര്‍ മാര്‍കറ്റ് സെയില്‍സ് എക്സിക്യുടിവുകളെയും കണ്ടു മുട്ടി.. കവറോള്‍, സേഫ്റ്റി ഷൂ എന്നിവ അണിഞ്ഞു വെളുത്ത കൈയും കാലും ഹെല്‍മെറ്റ് നല്‍കിയ കഷണ്ടിയും ഖുബ്ബൂസ് നല്‍കിയ വയറുമൊക്കെ എന്നെ ഒരു പ്രവാസി ലുക്ക് തോന്നിപ്പിചിട്ടുണ്ടാകും..എല്ലാത്തില്‍ നിന്നും അതി വിദഗ്ദമായി രക്ഷപ്പെട്ടു. മറ്റൊന്ന് പിരിവുകാരുടെ ശല്യം.. എത്രയാ എഴുതേണ്ടതെന്ന ചോദ്യമൊന്നുമില്ല, ഒന്നും ചോദിക്കാതെ അഞ്ഞൂറും ആയിരവുമൊക്കെ എഴുതി രസീത് കയ്യില്‍ തരും.. ഈ ആയിരം രൂപ ഉണ്ടാക്കാന്‍ എത്ര നാളുകള്‍ വെയില്‍ കൊണ്ടെന്നോ, ഏതൊക്കെ ഭാഷയിലുള്ള തെറി കേട്ടെന്നോ അവര്കരിയില്ലല്ലോ.. നാട്ടിലുള്ള തൊഴിലാളിക്ക് കുറഞ്ഞത് അഞ്ഞൂറ് രൂപ കൂലിയുണ്ട്.. കൂടാതെ നല്ല ഭക്ഷണം, വെള്ളം.. താമസം.. നമുക്ക് ചെലവ് കഴിച്ചാല്‍ അത്ര പോലും ബാക്കി വരുന്നില്ല, അസൌകര്യങ്ങളും രോഗങ്ങളും വേറെയും..
എന്തായാലും അവധിക്കാലം പലര്ക്കും സമ്മാനിക്കുക വീര്‍പ്പു മുട്ടിക്കുന്ന സ്നേഹപ്രകടങ്ങളായിരിക്കും.. അവയിലെരെയും കയ്യിലെ കാശിനോപ്പം അവസാനിക്കുമ്പോള്‍ ചിലത് മാത്രം നമ്മോടൊപ്പം എപ്പോഴുമുണ്ടാകും.. ഒടുവില്‍ ഒഴിഞ്ഞ കീശയുമായി മടക്കയാത്ര ക്കൊരുങ്ങുംപോഴും മനസിന് സുഖം നല്‍കുന്നത് ഇത് വരെ അനുഭവിച്ച സ്നേഹ പ്രകടനങ്ങള്‍ ആയിരിക്കും..
© Rafees Mohamed - http://www.kubboos.com/
© Rafees Mohamed - http://www.kubboos.com/
u said it...
ReplyDelete;'(
ReplyDeletecorrect.......!!!!!!!!!!
ReplyDelete