പുഞ്ച പ്പാടത്തിനു നടുവിലെ നൂല് പോലെ കാണുന്ന വരമ്പിലൂടെയും ഇടവഴികളിലൂടെയും പൊതു നിരത്തിലും കിണി കിണിം മുഴക്കി പാഞ്ഞിരുന്ന സൈകിള് വെറുമൊരു ഇരു ചക്രവാഹനം മാത്രമായിരുന്നില്ല... അതിന്റെ കിണി കിണിം നാദം ഗ്രാമങ്ങളുടെ ഹൃദയതുടിപ്പായിരുന്നു...
പല വീടുകളിലും ഒരംഗത്തെ പോലെ അവനുണ്ടായിരുന്നു...
ബാല്യത്തില് സൈകിള് ടയര് (വട്ട്) ഉരുട്ടി ലഭിക്കുന്ന അറിവായിരുന്നു പിന്നീട് സൈകിള് ചവിട്ട് പഠിക്കുവാനുള്ള അടിസ്ഥാന യോഗ്യത..
പുലര്ക്കാലത്ത് കോഴി കൂവുന്നതിന്റെ കൂടെ പാല്കാരന്റെയും പത്രകാര്ന്റെയും ബെല്ലടിയും മുഴങ്ങിയിരുന്ന ഗ്രാമങ്ങള്...
ഇന്നത്തെ മോട്ടോര് വാഹന പെരുപ്പത്തിനും റെന്റ് എ കാര്, ബൈക്ക് സംസ്കാരത്തിനും മുന്പ് നാട്ടിന് പുരത്തുകാരുടെ യാത്രാ സഹായിയായി സൈകിള് വാടകക്ക് കൊടുക്കുന്ന ഒരു കടയുണ്ടാകും..
ആ കടയായിരുന്നു ആ പ്രടെശതുകാരുടെ മുഴുവന് ജീവിതത്തെയും മുന്നോട്ടു നയിച്ചിരുന്നത്..
രാവിലെ കൊണ്ട് പോയി വൈകീട്ട് തിരിച്ചു ഏല്പിക്കുന്ന ദൂര സ്ഥലത്ത് പണിയെടുക്കുന്ന തൊഴിലാളികള്, സെകന്റ് ഷോ സിനിമ കാണാനായി രാത്രി വാങ്ങി രാവിലെ തിരിച്ചു എല്പികുന്നവര്, കുടുംബ വീടുകളില് പോകാനും ചില്വാനം വാങ്ങാനും ചരക്കു കൊണ്ട് വില്കാനുമായി മണിക്കൂറിനു വാടകക്ക് വാങ്ങുന്നവര്, സൈകിള് റാലിക്കായി എല്ലാ സൈകിളും ബുക്ക് ചെയ്യുന്ന രാഷ്ട്രീയക്കാര്... അങ്ങനെ നീളുന്ന ഉപഭോക്താകള്..
ചവിട്ടി ചവിട്ടി ക്ഷീണിക്കുമ്പോള് വഴിയരികിലെ പെട്ടിക്കടയില് നിന്നും ഒരു നാരങ്ങാ വെള്ളം, അല്ലെങ്കില് സംഭാരം, അതുമല്ലെങ്കില് ഒരു മുറുക്കാന്.. അതുമതി കിലോമീറ്ററുകള് താണ്ടാനുള്ള ഇന്ധനമായി..
പോസ്റ്റുമാന്റെ സൈകിള് കാണുമ്പോഴേ ഗള്ഫുകാരന്റെ ഭാര്യയുടെ നെഞ്ഞിടിപ്പ് കൂടും, ഡ്രാഫ്റ്റ് , അതോ കത്തോ, ഡ്രാഫ്റ്റ് ആയാല് പോസ്റ്റുമാനും സന്തോഷം, കൈമടക്കു കിട്ടും..
വീട്ടില് വിരുന്നു കാര് വന്നാല് ചായക്ക് അടുപ്പില് വെള്ളം വെക്കുന്നതിനോപ്പം അരിപാത്രത്തില് നിന്നും നാനയതുട്ടു പെറുക്കി കൊടുത്തു ചെക്കനെ സൈകിളില് പലഹാരം വാങ്ങാന് അങ്ങാടിയിലേക്ക് വിടും.. വെള്ളം തിളക്കുംപോഴെക്ക് ചെക്കന് തിരിച്ചെത്തും, കയ്യില് എണ്ണ പുരണ്ട കടലാസ് പൊതിയും വിയര്ത്ത് ഒലിച്ച ഉടുപ്പുമായി..
സന്ധ്യക്ക് സൈകിളിനു പ്രതീക്ഷയുടെ ഭാവമാണ്- പണി കഴിഞ്ഞു ആഹാര സാധനങ്ങളുമായി അച്ഛന് വരുന്നതും കാത്തു കോലായില് കുട്ടികള് ഉണ്ടാകും.. മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം പോലത്തെ അച്ഛന്റെ സൈകിളിലെ ടൈനാമോയുടെ വെളിച്ചം ദൂരെ നിന്നും കാണുന്ന മാത്രയില് അവര് വിളിച്ചു പറയും " അമ്മെ അച്ഛന് വരുന്നേ..." പിന്നെ
ഓടി ചെന്ന് പോതിയെല്ലാം വാങ്ങി അമ്മക്കരികിലേക്ക്...
മഴ വെള്ളം നിറഞ്ഞ വഴിയിലൂടെ സൈകിള് ഓടിക്കാന് വല്ലാത്ത ഒരു ആവേശമാണ് കുട്ടികാലത്ത്, കൂട്ടുകാരിയുടെ ഉടുപ്പിലേക്ക് മഴവെള്ളം തെറിപ്പിച്ചു, ഒറ്റക്കയ്യില് കുടപിടിച്ച്, സാഹസികത നിറഞ്ഞ ഒരു യാത്ര.. മേലാകെ നനഞ്ഞു.... വീട്ടിലെത്തിയാല് അമ്മയുടെ ശകാരം ഓര്ത്താല് പേടി തോന്നുമെന്കിലും..
സൈകിളില് വലിയ മരപ്പെട്ടി പിടിപ്പിച്ച ഐസ് വില്പനക്കാരന് ഗ്രാമങ്ങളിലെയും സ്കൂളിനു മുന്നിലെയും നിത്യ കാഴ്ചയായിരുന്നു. വലിയ ബോം ശബ്ദം മുഴക്കി ഹോണ് അടിച്ചു ഗ്രാമങ്ങളിലൂടെ നീങ്ങുന്ന ഐസ് കാരന്റെ ശബ്ദം കേട്ടാല് മതി കുരുന്നുകള് വാശിപിടിച്ചു കരയാന്..
"നിങ്ങള് പിള്ളേരെ കരയിക്കാനാണോ ഹോണ് മുഴക്കി ഇത് വഴി വരുന്നതെന്ന് ചോദിച്ചാല് അയാള് പറയും:
"നിങ്ങടെ കുട്ടികള് കരഞാലെ എന്റെ കുട്ടികളുടെ കരച്ചില് മാറൂ ചേച്ചീ..."
കോളെജിലേക്ക് സൈകിളില് പോകുന്ന കുമാരന്മാര്ക്ക് കുമാരിമാരെ കണ്ടാല് താനേ സ്പീഡ് കുറയും, അതുമല്ലെങ്കില് അവരുടെ കൂടെ നടക്കാന് വേണ്ടി കാറ്റ് അഴിച്ചു വിട്ടു പഞ്ചര് ആക്കും..
അതെ സൈകിളിനു പല ഭാവങ്ങളും താളങ്ങളും ഉണ്ട്..
സൈകിളില് മുന്നിലും പിന്നിലും സര്വ്വേ വയറും കമ്പിയും തൂക്കി ലൈന്മാന്, ഹാന്റ്ലിന്റെ ഇരു ഭാഗത്തും വലിയ പാത്രങ്ങള് തൂക്കി പാല്കാരന്, നടുവിലെ കമ്പിയില് പിടിപ്പിച്ച കുഞ്ഞു സീറ്റില് കുട്ടിയെ ഇരുത്തി സ്കൂളില് കൊണ്ട് പോകുന്ന രക്ഷിതാവ്... രണ്ടു പിടിയിലും മൈദ പശ നിറച്ച ബക്കറ്റും പിന്നില് ഒരു കെട്ടു പോസ്ടരും കൊണ്ട് നീങ്ങുന്ന ആഴ്ചയില് നാല് തവണ പടം മാറുന്ന തീയറ്ററിലെ ജീവനക്കാരന്, പിന്നില് വലിയ ചാക്കും കെട്ടി ഒരു അഭ്യാസിയെ പോലെ പോകുന്ന ചുമട്ടു തൊഴിലാളി, ഇരുന്നു ചവിട്ടാന് പറ്റാതെ നിന്ന് ചവിട്ടി ബാലന്സ് ചെയ്യുന്ന കുട്ടികള് വലിയ സൈകിള്, പിന്നില് വലിയ പ്ലാസ്റിക് പെട്ടിയും അതില് ത്രാസും കൊളുത്തിയിട്ടു കൂകി പായുന്ന മീന് കാരന്...
അന്നൊക്കെ പത്താം ക്ലാസ് പാസായാല് വാങ്ങി കൊടുക്കുന്നത് സൈകിള് ആയിരുന്നു, ഇന്ന് അത് ബൈകിലെക്കും കാറിലേക്കും വഴിമാറി, പെണ്കുട്ടികള് സ്കൂട്ടിയില് ചേക്കേറി, മീന് വില്പനക്കാര് m 80യില് (മീന് 80 ) നിന്നും പല്സരിലെക്കും ..
നാട് നീഴെ കണ്ടിരുന്ന സൈകിള് കടകള് പലതും പൂട്ടി, ഉള്ളവ തന്നെ അതിജീവനത്തിനായി കേഴുന്നു..
മോട്ടോര് വാഹന വിപ്ലവത്തിന്റെ അതിപ്രസരത്തില് സൈകിള് മണി നാദം നേര്ത്തു പോയി, ആ മണി നാദം മറന്നവര് പെട്രോള് വില വര്ദ്ദനവില് കുടുംബ ബജറ്റ് വെട്ടിക്കുറച്ചു, സൈകിള് നല്ലൊരു വ്യായാമം കൂടി ആയിരുന്നു,.. ആ കിണി കിണിം നാദം ഓര്കാത്തവര് കൊളസ്ട്രോള് കുറക്കാന് ഗുളിക വിഴുങ്ങുന്നു,,,
great
ReplyDelete